Wednesday, January 31, 2018

കവരത്തി ഷിപ്പ് യാർഡിൽ

31.01.2018: കൊച്ചി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഏറ്റവും വലിയ യാത്രക്കപൽ കവരത്തി ഷിപ്പ് യാർഡിലെത്തി. വാർഷിക സുരക്ഷാ സർട്ടിഫിക്കറ്റ് കാലാവധി തീർന്നതിനാൽ ജനുവരി മാസം പകുതിയോടെ യാത്രാ സർവ്വീസ് നിർത്തി വെക്കുകയായിരുന്നു. എന്നാൽ കൊച്ചിൻ ഷിപ്പ് യാർഡിൽ സ്ഥലം ഒഴിവില്ലാത്തതിനാൽ ഇവിടെ വരാൻ താമസിച്ചിരുന്നു. രണ്ട് മാസത്തോളം നീണ്ട് നിൽക്കാവുന്ന അറ്റകുറ്റപ്പണികൾക്കായി കപ്പൽ ഇന്ന് ഷിപ്പ് യാർഡ് ബെർത്തിലേക്ക് മാറ്റി..റിപ്പയർ ജോലികളും പെയിന്റിംഗും വിവിധ പരിശോധനകളും പൂർത്തിയാക്കേണ്ടതുണ്ട്..എഴന്നൂറോളം യാത്രക്കാരെ ഉൾക്കൊള്ളാവുന്ന കപ്പൽ സർവ്വീസിൽ നിന്നും അധികം നാൾ വിട്ടു നിൽക്കുന്നത് ലക്ഷദ്വീപിലെ യാത്രക്കാരെ സാരമായി ബാധിക്കും..
(..File Photo..)

ലഗൂൺസ് പരിശോധനകൾ പൂർത്തിയാക്കി..

31.01.2018: കൊച്ചി.
എം വി ലഗൂൺസ് യാത്രക്കപൽ വാർഷിക സുരക്ഷാ പരിശോധനകൾ വിജയകരമായി പൂർത്തിയാക്കി.. ഒരു മാസത്തോളം അറ്റകുറ്റപ്പണികൾക്കായി കൊച്ചിൻ ഷിപ് യാർഡിൽ ആയിരുന്ന കപ്പൽ  A സർട്ടിഫിക്കറ്റ് സർവ്വേ പൂർത്തിയാക്കിയതോടെ യാത്രാ സർവ്വീസുകൾക്കായി  സജ്ജമായതായി കപ്പൽ വൃത്തങ്ങൾ അറിയിച്ചു..

Tuesday, January 30, 2018

എയർ ആംബുലൻസ് വിവാദം: കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി ലക്ഷദ്വീപ് എംപി.

30.01.18: ന്യൂ ഡൽഹി:
ലക്ഷദ്വീപിൽ എയർ ആംബുലൻസ് ദുരുപയോഗം തടയാൻ അടിയന്തിര നടപടി സ്വീകരിക്കാനും ചികിത്സ കിട്ടാതെ നവജാത ശിശു മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് എംപി ശ്രീ മുഹമ്മദ് ഫൈസൽ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. രാജ്നാഥ് സിംഗിന് നിവേദനം നൽകി.

എയർ ആംബുലൻസ് ദുരുപയോഗ വിവാദം കത്തുന്നു.. സോഷ്യൽ മീഡിയ പ്രതിഷേധം ശക്തം..

അഗത്തി രാജീവ് ഗാന്ധി ഹോസ്പിറ്റലിൽ നിന്നു കൊച്ചിയിലേക്ക് അടിയന്തിരമായി നവജാത ശിശുവുമായി പറക്കേണ്ട എയർ ആംബുലൻസ്  വൈകി കൊച്ചിയിൽ എത്തിയത് കാരണം സമയത്ത് ചികിത്സ കിട്ടാതെ കുഞ്ഞ് മരിച്ച സംഭവത്തിൽ ലക്ഷദ്വീപിൽ പ്രതിഷേധം ശക്തമാവുന്നു.. കൊല്ലം സ്വദേശിയും ലക്ഷദ്വീപിൽ താമസക്കാരനുമായ ഷാഫിയുടെ ഭാര്യ മലീഹ പ്രസവിച്ച ഇരട്ടക്കുട്ടികളിൽ ആൺകുഞ്ഞാണ് ആരോഗ്യ നില തൃപ്തികരമല്ലാത്തതിനാൽ കൊച്ചിയിലേക്ക് അടിയന്തിര വിദഗ്ദ ചികിത്സക്കായി ഡോക്ടർമാർ ശുപാർശ ചെയ്തത് പ്രകാരം കൊച്ചിയിലെത്തിക്കവെ ഹോസ്പിറ്റലിൽ വെച്ച് മരിച്ചത്.. കവരത്തിയിലേക്ക് പോവേണ്ട വിഐപികളെ ലക്ഷദ്വീപ് ഭരണകൂടത്തിലെ ഉന്നതരുടെ നിർദ്ദേശ പ്രകാരം  കവരത്തിയിൽ എത്തിക്കാൻ എയർ ആംബുലൻസ് വഴിമാറി പറന്നത് കാരണമാണ് സമയത്തിന് കൊച്ചിയിൽ എത്തിക്കാൻ ആവാതെ കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. എയർ ആംബുലൻസ് ദുരുപയോഗം തുടർക്കഥയാകുമ്പോൾ ശക്തമായ നടപടികൾ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് നിവാസികൾ ശക്തമായ പ്രതിഷേധം ആണ് ഉയർത്തിക്കൊണ്ടിരിക്കുന്നത്..

Saturday, January 27, 2018

ടാബ് വിതരണം തുടങ്ങി

26.01.18: കവരത്തി: രാജ്യം 69  -മത് റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു.. ലക്ഷദ്വീപ് വിദ്യാർത്ഥികൾക്കായുള്ള ടാബ് വിതരണത്തിന്റെ ഉത്ഘാടനം കവരത്തിയിൽ വെച്ച് അഡ്മിനിസ്ട്രേട്ടർ ശ്രീ. ഫാറൂഖ് ഖാൻ IPS നിർവ്വഹിച്ചു.. ലക്ഷദ്വീപ് എംപി ശ്രീ മുഹമ്മദ് ഫൈസൽ പടിപ്പുരയുടെ എംപി ലാഡ് സ്കീം പ്രകാരം നടപ്പിലാവുന്ന ടാബ് വിതരണ പദ്ധതി വരും ദിവസങ്ങളിൽ ഓരോ ദ്വീപിലെയും പ്ലസ് വൺ പ്ലസ് റ്റു വിദ്യാർത്ഥികൾക്കായി  എത്തിച്ച് വിതരണം ചെയ്യും.. പഠനാവശ്യത്തിനായി രൂപകൽപന ചെയ്തിരിക്കുന്ന ടാബ് സ്മാർട്ട് ക്ലാസ് റൂമിന്റെ ആദ്യ പടിയായി കണക്കാക്കപ്പെടുന്നു..

Monday, October 16, 2017

ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് FSUI യുടെ കത്ത്

16.10.2017: കൊച്ചി: പുതുക്കിയ MUI- INSA എഗ്രിമെന്റ് പ്രകാരം ഉള്ള ശമ്പള വർദ്ധനവും മറ്റ് ആനുകൂല്യങ്ങളും ലക്ഷദ്വീപ് കപ്പലുകളിൽ ജോലി ചെയ്യുന്ന ഓഫീസർ വിഭാഗത്തിന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് FSUI ലക്ഷദ്വീപ് ഘടകം, ലക്ഷദ്വീപ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് ജനറൽ മാനേജർക്ക് കത്തു നൽകി.വിവിധ മാനിങ് കമ്പനികൾ ഓഫീസേഴ്സിന്റെ ശമ്പള വർദ്ധന കാര്യത്തിൽ വിമുഖത കാട്ടുന്ന സാഹചര്യത്തിൽ കമ്പനിയുടെ ശ്രദ്ധയിൽ വിഷയം കൊണ്ട് വരാൻ FSUI യുടെ ഇടപെടൽ സഹായകമാവും. നിലവിലുള്ള ടെൻഡർ പ്രകാരം കൂടുതൽ കപ്പലുകളൂടെയും മാനിങ്ങ് നടത്തുന്ന അഡ്മിറൽ , ലക്ഷദ്വീപ് ഓഫീസേഴ്സ് സീനിയർ റാങ്കുകളിൽ മാർക്കറ്റ് റേറ്റിനേക്കാളും കൂടുതൽ ശമ്പളത്തിനായി സമ്മർദ്ധം ചെലുത്തുന്നുവെന്ന  വിചിത്രമായ വാദവുമായി LDCL ജനറൽ മാനേജർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ വർഷങ്ങളായി തുടർന്ന് പോന്നിരുന്ന സംഖ്യ തന്നെയാണ് തങ്ങളും ആവശ്യപ്പെടുന്നതെന്നാണ് ലക്ഷദ്വീപിൽ നിന്നും കപ്പലിൽ സീനിയർ റാങ്കുകളിൽ ജോലിക്കെത്തിയവരുടെ പക്ഷം..

Sunday, October 15, 2017

യാത്രക്കാർ ശ്രദ്ധിക്കുക

ഹർത്താൽ ദിനത്തിൽ ലക്ഷദ്വീപ് യാത്രക്കാർക്ക് ആശ്വാസമേകി ലക്ഷദ്വീപ് പോർട്ടും  KSRTC യും..

കേരളത്തിൽ നാളെ UDF ഹർത്താൽ പ്രഖ്യാപിച്ചിരിക്കെ നാളെ  16.10.2017 പുറപ്പെടുന്ന കവരത്തി കപ്പലിലേക്കുള്ള യാത്രക്കാരെ കൊച്ചിയിലെ വിവിധ ഭാഗങ്ങളിൽ നിന്നും പാസഞ്ചർ സ്കാനിങ്ങ് സെന്ററിലെത്തിക്കാൻ കെ.എസ്.ആർ.ട്ടി.സി യുമായി ധാരണയായതായി ഡെപ്യൂട്ടി ഡയറക്ടർ പോർട്ട് ഷിപ്പിംഗ ആന്റ് ഏവിയേഷന്റെ അറിയിപ്പ്.പോലീസ് അകമ്പടിയോടെ താഴെ പറയുന്ന സ്ഥലങ്ങളിൽ നിന്നും രാവിലെ  0800 ക്ക് തന്നെ ബസ്സുകൾ പുറപ്പെടും.. യാത്രക്കാർ ശ്രദ്ധിക്കുക..

1. എറണാകുളം ബോട്ട് ജെട്ടി
2. ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് , ഗാന്ധി നഗർ
3. കലൂർ കറുകപ്പളളി ജങ്ഷൻ
4. അൽ അമീൻ ലോഡ്ജ് മട്ടാഞ്ചേരി.

നാളെ കൊച്ചിയിലെത്തുന്ന കോറൽ കപ്പലിൽ നിന്നുള്ള യാത്രക്കാരെ എറണാകുളം വാർഫിൽ നിന്നും എറണാകുളത്തേക്കു എത്തിക്കാൻ രാവിലെ എട്ട് മണിക്കും ലക്ഷദ്വീപ് സീ കപ്പലിലെ യാത്രക്കാരെ പാസഞ്ചർ റിപ്പോർട്ടിങ്ങ് സെന്ററിൽ നിന്നും എറണാകുളത്തേക്ക് എത്തിക്കാൻ രാവിലെ പത്തു മണിക്കും ബസുകൾ ഏർപ്പാട് ചെയ്തതായി അറിയിക്കുന്നു.. യാത്രക്കാർ പൂർണ്ണ സഹകരണത്തോടെ ഈ സേവനം ഉപയോഗിക്കുക.

ഡ്രൈ ഡോക്കിംഗിനെ കുറിച്ച്...

ലക്ഷദ്വീപിലെ യാത്രാ പ്രശ്നങ്ങൾ ചർച്ചയിൽ  വരുമ്പോഴും അല്ലാത്തപ്പോഴും എല്ലാം ഇടക്കിടെ നമ്മൾ ഉപയോഗിക്കുന്ന വാക്കുകളാണ്  ' ആ കപ്പൽ ഡോക്കിലാണ്' അല്ലെങ്കിൽ ഡോക്കീന്നിറങ്ങി എന്നെല്ലാം.. ഡോക്കിങ്ങ് എന്ന സംഭവത്തെ കുറിച്ച് കുറച്ച് കാര്യങ്ങൾ സൂചിപ്പിക്കട്ടെ.. സാധാരണ കപ്പലുകളെ അപേക്ഷിച്ച് യാത്രാ കപ്പലുകൾ ഓരോ വർഷവും സുരക്ഷാ പരിശോധനകൾ നടത്തി ' "യാത്രാക്കപ്പൽ സുരക്ഷാ സർട്ടിഫിക്കറ്റ്" അല്ലെങ്കിൽ സർട്ടിഫിക്കറ്റ് ' A'  എന്ന സർട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്.  (നമ്മുടെ കപ്പലുകളിൽ ഓരോ യാത്രക്കും മുന്നോടിയായി MMD സർവ്വയർ നടത്തുന്ന സുരക്ഷാ പരിശോധനയിൽ ലഭിക്കുന്ന സർട്ടിഫിക്കറ്റ്,   ' B' സർട്ടിഫിക്കറ്റ് എന്ന് വിളിക്കുന്നു. )
വാർഷിക സർവ്വേയുടെ ഭാഗമായി കപ്പലിന്റ അടിഭാഗത്തിന്റ വിശദമായ പരിശോധന നടത്തണ്ടതുണ്ട്. അഞ്ചു വർഷത്തിൽ രണ്ടു പ്രാവശ്യം അല്ലെങ്കിൽ ഒരു പ്രാവശ്യം കപ്പലിന്റെ അടിഭാഗത്തിന്റെ പരിശോധന നടത്തപ്പെടുന്നത് ഡ്രൈ ഡോക്കിൽ ആയിരിക്കണം. അല്ലാത്തപ്പോൾ കടലിൽ വെച്ച് തന്നെ മുങ്ങൽ വിദഗ്ദരുടെ സഹായത്താൽ അടിഭാഗത്തിന്റെ CCTV ദൃശ്യങ്ങൾ ചിത്രീകരിച്ച് സർവ്വയർമാർ  പരിശോധന നടത്തുന്നു.
ഡ്രൈ ഡോക്ക് എന്ന് വിളിക്കപ്പെടുന്ന പ്രത്യേകമായി രൂപപ്പെടുത്തിയിരിക്കുന്ന സംവിധാനത്തിനകത്ത് കപ്പലിനെ കൊണ്ട് വരികയും ശേഷം കപ്പലിനെ പ്രത്യേക കണക്കു കൂട്ടലുകളുടെ സഹായത്താൽ പൊസിഷനിംഗ് നടത്തുകയും ചെയ്യുന്നു.  ശേഷം പ്രസ്തുത ഡ്രൈ ഡോക്കിലേക്ക് കായലിൽ/ കടലിൽ നിന്നുമുള്ള കവാടം ( ലോക്ക്) അടക്കുകയും ഡോക്കിനകത്തെ വെള്ളം വമ്പൻ പമ്പുകളുടെ സഹായത്താൽ വറ്റിച്ച് കളയുകയും ചെയ്യുന്നു. വെള്ളം വറ്റുന്ന മുറക്ക് കപ്പലും താഴ്ന്ന് മുൻകൂട്ടി സജ്ജീകരിച്ച ബ്ലോക്കുകൾക്ക് മേൽ സുരക്ഷിതമായി ഇരിക്കുന്നു..വളരെയധികം ശ്രദ്ധ ആവശ്യമുള്ളതും അപകട സാദ്ധ്യത ഏറെയുള്ളതുമായ ഈ പ്രക്രിയക്കുള്ള തയ്യാറെടുപ്പുകൾ മുൻകൂട്ടി തന്നെ കപ്പലും ഷിപ്പ് യാർഡും ഒരുക്കുകയും പ്ലാൻ പ്രകാരം തന്നെ ഡോക്ക് മാസ്റ്റർ ഉത്തരവാദിത്തത്തോടെ കപ്പലിനെ ഡോക്കിംഗ് നടത്തുകയും ചെയ്യുന്നു.
ഡ്രൈ ഡോക്കിലെത്തുന്ന കപ്പൽ അടിഭാഗ പരിശോധനക്ക് വിധേയമാകുന്നതോടൊപ്പം തന്നെ മറ്റു അറ്റകുറ്റ പ്പണികൾ നടത്തുന്നതിലേക്കും സൌകര്യം ഒരുക്കുന്നു. അത്രയും കാലം വെള്ളത്താൽ ചുറ്റപ്പെട്ട് പായലും മറ്റും പറ്റിയിരിക്കുന്ന അടിഭാഗത്തിന്റെ വിശദമായ ക്ലീനിംഗ് ഈ ഘട്ടത്തിൽ നടത്തപ്പെടുന്നു.. പഴയ പെയ്ന്റ് കളഞ്ഞ് പുതിയ പെയിന്റിംഗ് നടത്തുന്നു.. കപ്പലിന്റ അടിഭാഗത്ത് / വെള്ളവുമായി സമ്പർക്കം പുലർത്തുന്ന ഭാഗത്ത് പായലും മറ്റു മറൈൻ ഗ്രൗത്തും പറ്റിപ്പിടിക്കുന്നത് നിയന്ത്രിക്കാൻ ആന്റി ഫൗളിംഗ് എന്നറിയപ്പെടുന്ന പ്രത്യേക തരം പെയിന്റ് ആണ് ഉപയോഗിക്കുന്നത്. കപ്പലിന്റെ റഡ്ഡർ(ചുക്കാൻ) , പ്രൊപ്പല്ലർ, ബോ ത്രസ്റ്റർ തുടങ്ങിയവയുടെ പരിശോധനയും ആവശ്യമായ അഴിച്ചു പണികളും നടത്തുന്നു. കൂടാതെ ഏതെങ്കിലും ഭാഗത്തെ പ്ലെയ്റ്റിൽ തക്കതായ പരിക്കുകൾ കണ്ടെത്തിയാൽ ആ ഭാഗം മുറിച്ചു മാറ്റി പുതിയ പ്ലേറ്റ് വെൽഡ് ചെയ്ത് പിടിപ്പിക്കുകയും മതിയായ പരിശോധനകൾ നടത്തി ഉത്തരവാദപ്പെട്ട സർവ്വയർ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. കപ്പലിനകത്ത് മെഷീനുകളും ജനറേറ്ററുകളും ശീതീകരണ സംവിധാനങ്ങളും ഈ ഘട്ടത്തിൽ വിദഗ്ദ വർക്ക് ഷോപ്പുകളുടെ സഹായത്താൽ അവശ്യ അഴിച്ചു പണികൾ നടത്തി കണ്ടീഷൻ ചെയ്തെടുക്കുന്നു.. കൂടാതെ കപ്പലിലെ ടാങ്കുകളുടെ ക്ലീനിംഗും പരിശോധനയും നടത്തപ്പെടുന്നു.  കപ്പലിന്റെ താഴ്ഭാഗത്തെ മുഴുവൻ അറ്റകുറ്റ പ്പണികളും പൂർത്തീകരിച്ചാൽ എത്രയും പെട്ടന്ന് തന്നെ സർവ്വയറെ വിളിച്ച് കപ്പൽ ഫ്ലോട്ടിംഗിന് മുമ്പുള്ള പരിശോധന പൂർത്തിയാക്കുന്നു.. പുതുതായി എന്തെങ്കിലും കണ്ടു പിടിക്കാത്ത പക്ഷം കപ്പൽ ഫ്ലോട്ടിംഗിനായി റെഡിയാക്കുന്നു. കപ്പൽ ഡോക്കിൽ വന്നപ്പോഴുള്ള അതെ സ്റ്റബിലിറ്റി കണ്ടീഷനിലേക്ക് കൊണ്ടുവരികയും ഡ്രൈ ഡോക്കിൽ വെള്ളം നിറച്ച് കപ്പൽ ഫ്ലോട്ട് ചെയ്യുകയും ചെയ്യുന്നു..കപ്പൽ ഫ്ലോട്ട് ചെയ്യുന്ന ഘട്ടത്തിൽ ലീക്കിംഗ് കണ്ടെത്തിയാൽ ആവശ്യമെങ്കിൽ കപ്പൽ വീണ്ടും ഡോക്ക് ചെയ്ത് തുടർ പരിശോധനകൾ നടത്തേണ്ടിയും വരും. കുഴപ്പങ്ങളൊന്നുമില്ലെങ്കിൽ കപ്പൽ ഫ്ലോട്ട് ചെയ്യുകയും ടഗ്ഗുകളുടെ സഹായത്താൽ ഡോക്കിന് പുറത്തെത്തിച്ച് ഷിപ്പ് യാർഡ് ബെർത്തിൽ തന്നെ കെട്ടിയിട്ട് മറ്റു അറ്റകുറ്റ പ്പണികൾ പൂർത്തിയാക്കുകയും ചെയ്യുന്നു..മറ്റു റിപ്പയർ വർക്കുകൾ പൂർത്തിയായാൽ കപ്പൽ പൂർണ്ണമായും ക്ലീനിംഗ് നടത്തി വാർഷിക സുരക്ഷാ പരിശോധക്കായി തയ്യാർ ചെയ്യേണ്ടതുണ്ട്..അഴിച്ചു പണികൾ നടത്തിയ യന്ത്ര ഭാഗങ്ങളുടെ കാര്യ ക്ഷമത പരിശോധിക്കാനും  ഡ്രൈ ഡോക്കിന് ശേഷമുള്ള കപ്പലിന്റെ സ്വഭാവം വിലയിരുത്താനും കപ്പൽ സീ ട്രയലിനായി കടലിലേക്ക് പോകുന്നു.. തൃപ്തികരമായ സീ ട്രയലിന് ശേഷം കപ്പലിന്റെ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി MMD സർവ്വയർ കപ്പലിന് ഒരു വർഷത്തേക്കുള്ള സുരക്ഷാ പരിശോധന സർട്ടിഫിക്കറ്റ് ( PASSENGER SHIP SAFETY CERTIFICATE OR CERTIFICATE "A" )  നൽകുന്നു. കപ്പൽ യാത്രക്ക് സജ്ജമായതായി കമ്പനി പോർട്ടിനെ അറിയിക്കുമ്പോൾ ഉടൻ തന്നെ കപ്പലിന്റെ അടുത്ത സെയിലിംഗിനുള്ള പ്രോഗ്രാം, ടിക്കറ്റ് വിതരണം തുടങ്ങിയ സേവനങ്ങളിലേക്ക് പോർട്ടും കടക്കുന്നു.
  സ്വാഭാവിക ഡ്രൈ ഡോക്കിംഗിലേക്കള്ള ഒരുക്കങ്ങൾ മാസങ്ങൾക്ക് മുമ്പേ തുടങ്ങുന്നു.. ഏറ്റവും ചുരുങ്ങിയത് ഒരു ഡ്രൈ ഡോക്കിംഗ് കഴിഞ്ഞിറങ്ങുന്ന കപ്പൽ പിറ്റെ ദിവസം തന്നെ അടുത്ത വർഷത്തെ ഡ്രൈ ഡോക്കിനുള്ള ഫയൽ തുടങ്ങുന്നു. കഴിഞ്ഞ ഡ്രൈ ഡോക്കിൽ ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ അടുത്ത ഡ്രൈ ഡോക്കിലേക്കായി പ്ലാൻ ചെയ്ത് തുടങ്ങുന്നു..
അടിയന്തിര സാഹചര്യങ്ങളിലും കപ്പൽ ഡ്രൈ ഡോക്ക് നടത്തേണ്ടി വരാറുണ്ട്.
എഴുതി തീർക്കാനുളള പ്രയാസം കാരണം പലകാര്യങ്ങളും ചുരുക്കേണ്ടി വന്നിട്ടുണ്ട് ഇനിയൊരു ഘട്ടത്തിലാവാം..

Saturday, October 14, 2017

ലഹരി വിരുദ്ധ വികാരം ശക്തമാകുന്നു

കൊച്ചി : 14.10.2017:   മഹാ വിപത്തായ ലഹരി ഉപയോഗം ലക്ഷദ്വീപിലും കൂടിവരുന്നതായി റിപ്പോർട്ട് .. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മദ്യവും കഞ്ചാവുമായി ദ്വീപ് സ്വദേശികൾ കവരത്തിയിൽ പിടിയിലായതോടെ ലഹരിക്കെതിരെ പൊതുജന വികാരം ശക്തിപ്പെട്ടിരിക്കുന്നു .. നിലവിലെ നിയമ പ്രകാരം ബംഗാരം ഒഴികെ ലക്ഷദ്വീപിലെ മുഴുവൻ പ്രദേശങ്ങളും മദ്യ നിരോധിത മേഖലയാണ് .എന്നാൽ വൻകരയിൽ നിന്നും കപ്പലും മഞ്ജുവും വഴി മദ്യവും ലഹരി വസ്തുക്കളും ലക്ഷദ്വീപിലേക്ക് കടത്തുന്നതായി പലപ്പോഴായി ശ്രദ്ധയിൽ പെട്ടിട്ടും അധികാരികളുടെ ഭാഗത്തു നിന്നും ശക്തമായ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്ന് ദ്വീപുകാർ ആരോപിക്കുന്നു .. ലക്ഷദ്വീപുകാരായ സാമൂഹ്യ പ്രവർത്തകരും ഉദ്യോഗസ്ഥരും അടങ്ങിയ ലഹരി വിരുദ്ധ സമിതി 08.10.2017 ഞായറാഴ്ച കൊച്ചി ഗാന്ധി നഗറിലെ ലയൺസ് ക്ലബ് ഹാളിൽ വെച്ച് നടത്തിയ യോഗത്തിൽ ലഹരി ഉപയോഗ വിഷയത്തെ സംബന്ധിച്ചും അത് എങ്ങനെ തടയാം എന്നതിനെ കുറിച്ചും ക്രിയാത്മകമായ ചർച്ചകൾ നടത്തുകയുണ്ടായി .. ലഹരി ലക്ഷദ്വീപിലേക്ക് ഒഴുകുന്ന വഴികൾ തടയാൻ അധികാരികളെ സമീപിക്കാനും ലഹരി വിരുദ്ധ ബോധവത്കരണം ദ്വീപുകളിൽ നടത്താനും തീരുമാനമായി. ലഹരിയുമായി ബന്ധപ്പെട്ട കേസുകളിൽ രാഷ്ട്രീയ നേതാക്കൾ കുറ്റാരോപിതരെ സഹായിക്കുന്ന നിലപാടുകൾ കൈക്കൊള്ളുന്നുവെന്ന ആരോപണം ശക്തമാണ് .. അതിനിടെ ലക്ഷദ്വീപിലും കൊച്ചി , ബേപ്പൂർ ,മംഗലാപുരം എന്നിവിടങ്ങളിലെ പോർട്ടുകളിലും അധികാരികൾ പരിശോധന ശക്തമാക്കി ..  കപ്പൽ ജീവനക്കാരുടെ നേതൃത്വത്തിൽ മംഗലാപുരത്തു വെച്ച് നടന്ന പരിശോധനയിൽ പാൻ ഉത്പന്നങ്ങൾ കണ്ടെത്തുകയും ചെയ്തു . എന്നാൽ വർഫുകളിൽ CISF പരിശോധന ശക്തമാക്കിയതോടെ വെളിച്ചെണ്ണ, സോപ്പ് തുടങ്ങി നിത്യോപയോഗ സാധനങ്ങൾ വരെ പരിശോധിക്കാൻ സ്കാനിംഗ് സെന്റർഇൽ അയക്കുന്ന സമീപനം ദുസ്സഹമാണെന്നു കപ്പൽ ജീവനക്കാർ പരാതിപ്പെടുന്നു .

Wednesday, July 26, 2017

ദുരിതമീ യാത്ര

കൊച്ചിയിലെ സ്കാനിങ്ങ് സെന്റർ തലയെടുപ്പോടെ ഉയർന്ന് നിൽക്കുന്നു. വെയിലും മഴയുമൊന്നും അവന്റെ പ്രൗഢിക്ക് ഇതുവരെ ഭംഗം വരുത്തിയില്ല. ലക്ഷദ്വീപുകാരന്റെ ദുരിതയാത്രയിൽ ഒരു വില്ലന്റെ പരിവേഷമുണ്ട് ഈ സമുച്ചയത്തിന് .ദ്വീപുകാരന്റെ കണ്ണുനീരിൽ കുതിർന്ന മണ്ണിൽ ചവിട്ടി പ്രതീക്ഷയുടെ കണ്ണുമായി സ്കാനിങ്ങിന്റെ വിശാലമായ മുറിക്കകത്തേക്ക് നോക്കി. ഒരു പാട് പേർ തലങ്ങും വിലങ്ങും ഓടുന്നു. അവരിൽ പലരുടേയും മുഖങ്ങൾ മനസ്സിൽ മിന്നി മറഞ്ഞു. പലരും അടുത്തറിയുന്നവർ, പരിചിതർ. എന്താണ് ഇത്ര തിരക്ക് എന്ന എന്റെ ചോദ്യത്തിന് അവർ കണ്ണുകൾ കൊണ്ട് മറുപടി പറഞ്ഞു. അവരുടെ മുഖത്തിൽ മിന്നി മറിഞ്ഞ ഭാവങ്ങളിൽ നിന്നും എന്റെ ഉത്തരം കണ്ടെത്തി.സ്കാനിങ്ങിന്റെ ഒരറ്റത്ത് ചില്ലുകൊണ്ട് മേഞ്ഞ ഒരു ഒറ്റമുറിക്കകത്ത് കമ്പ്യൂട്ടറിൽ വിരല് കുത്തിക്കളിക്കുന്ന ഒരു സർക്കാർ ജീവനക്കാരനെ കണ്ടു. അയാളുടെ നേർക്ക് കുറേ കൈകൾ പ്രതീക്ഷയോടെ ആരൊക്കെയോ നീട്ടുന്നു. ടിക്കറ്റ് കിട്ടാത്തവരും ടിക്കറ്റിൽ പേര് മാറിയവരും ആ കൂട്ടത്തിലുണ്ട്. യുദ്ധഭൂമിയിൽ നിന്നും സർവ്വവും ഉപേക്ഷിച്ച് വന്ന അഭയാർത്തികൾ വിശപ്പടക്കാൻ അപ്പക്കഷ്ണത്തിന് വേണ്ടിയാജിക്കുന്നത് ഓർമ്മപ്പെടുത്തുന്നു ഈ രംഗം. കമ്പ്യൂട്ടർ വിദഗ്ദ്ധൻ യാചകരോട് ഓർമ്മപ്പെടുത്തി ടിക്കറ്റ് ഫുൾ നോ രക്ഷ. മുഖത്തോട് മുഖം നോക്കി കണ്ണുകൾ കൊണ്ട് കഥ പറയാൻ നിൽക്കാതെ അവർ അകത്തേ വിശാലമായ ഹാളിലേക്ക് നടന്നു. അളിയാ കിട്ടിയാ? ടിക്കറ്റ് നേരത്തേ തരപ്പെടുത്തിയ സുഹൃത്തിന്റെ വക ഒരു ചോദ്യം. ഹും ടിക്കറ്റ് പകുതിയുത്തരം വിഴുങ്ങി ആരോടൊക്കെയോ തന്നെ സലാമത്താക്കാൻ കേണപേക്ഷിച്ചു.പ്രതീക്ഷയുടെ എല്ലാ വാതിലുകളും അവന്റെ മുന്നിലടഞ്ഞു. ടിക്കറ്റുകാരിൽ അവസാനത്തേയാളും സുരക്ഷാ പരിശോധനക്കായി പോകുന്നത് കണ്ണുകൾ തുടച്ച് അവൻ കണ്ടു.മഹ്ഷറാ സഭയിൽ നന്മതിന്മകൾ തൂക്കി നോക്കി നന്മയിൽ മുന്തിനിന്നവർ സ്വർഗത്തിലേക്കും അല്ലാത്തവർ നരകത്തിലേക്കും പോകുമെന്ന മതപ്രഭാഷകന്റെ വാക്ക് ഓർമ്മ വരുന്നു. ടിക്കറ്റുള്ളവൻ കപ്പലിലേക്കും അല്ലാത്തവൻ തിരിച്ച് മഹാനഗരത്തിന്റെ ചതിക്കുഴിയിലേക്കും പോകാം. മഴ കൊതിച്ചെത്തിയ വേഴാമ്പലിനേപ്പോലെ ടിക്കറ്റ് കൊതിച്ചെത്തിയ ഹതഭാഗ്യൻ തന്റെ തോളിലേക്ക് ഒന്നുകൂടി ഭാരത്തിന്റെ ആ ബാണ്ഡക്കെട്ട് എടുത്തു വെച്ചു.പൊക്കിളിന്റേയും മുട്ടിന്റേയും ഇടയിൽ ഏച്ചുകെട്ടിയ സഞ്ചാരിക്കൂട്ടവുമായി ഗമയോടെ വരുന്ന ദ്വീപുകാരനെ നിറകണ്ണുകളോടെ നോക്കി നിന്നുപോയ്.രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ജനിച്ചവർ ,പല വേഷവും ധരിക്കുന്നവർ ഇവിടെ എന്റെ കൺമുന്നിൽ.അവർക്ക് ഒരു തടസ്സവുമില്ല. സമയവും ഊർജ്ജവും അവന് നഷ്ടമായില്ല. വന്നിറങ്ങിയ സഞ്ചാരിക്ക് ടിക്കറ്റ് റെഡി. ദ്വീപിന്റെ കടലിലെ അത്ഭുതങ്ങൾ തേടി ഊളിയിടുന്ന സഞ്ചാരികൾക്ക് മഞ്ഞാൻ കൂട്ടവും ഫക്കിക്കദിയയും നല്ലൊരു വിരുന്നൊരുക്കും. നീ ദ്വീപിലെത്തിയില്ലെങ്കിലെന്ത്.അവർ നീന്തിത്തുടിക്കട്ടെ .ദ്വീപുകാരാ പരാതിയോ പരിഭവമോ അരുത്. നാം ദുരിതസാഗരത്തിൽ പെട്ടു പോയവർ മാത്രം. വമ്പൻ സ്രാവുകൾക്ക് ഭക്ഷണമാവാതിരിക്കാൻ നീ സ്വയം ഒരു സുരക്ഷാവലയം തീർക്കുക. മരുഭൂമിയിലെ ഒരു മരീചിക പോലെ മെല്ലെയെങ്കിലും പ്രതീക്ഷിക്കാം ഒരുനാൾ ആർക്ക് മുമ്പിലും കൈ നീട്ടാതെ ഉറ്റവർക്കരികിലേക്ക് സങ്കോചമില്ലാതെ നമുക്കും യാത്ര തിരിക്കാമെന്ന്. ടിക്കറ്റ് കിട്ടിയവർക്ക് ശുഭയാത്ര നേരുന്നു.
                  അബ്ദുൽ റസാഖ് പുതിയപുര

കവരത്തി ഷിപ്പ് യാർഡിൽ

31.01.2018: കൊച്ചി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഏറ്റവും വലിയ യാത്രക്കപൽ കവരത്തി ഷിപ്പ് യാർഡിലെത്തി. വാർഷിക സുരക്ഷാ സർട്ടിഫിക്കറ്റ് കാലാവധി തീ...